Ticker

6/recent/ticker-posts

Header Ads Widget


തേനരുവി വിട്ടുപോകാതെ കാട്ടാനക്കൂട്ടം വ്യാപക കൃഷിനാശം


തിരുവമ്പാടി : കായ്ച്ചുനിൽക്കുന്ന വാഴകൾ, പപ്പായകൾ, മാങ്കോസ്റ്റിൻ, റമ്പൂട്ടാൻ, അവക്കാഡോ, സപ്പോട്ട, ജാതി, തെങ്ങുകൾ, പ്ലാവുകൾ, കൊക്കോ തുടങ്ങിയ കാർഷിക സമ്പദ്‌സമൃദ്ധിയായ തേനരുവി പ്രദേശം. ഏതുവിളയും തഴച്ചുവളരാൻ പാകത്തിൽ അനുകൂല കാലാവസ്ഥ. മണ്ണിന്റെ ഘടനയും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളുമാണ് ഈ നാടിന് വളക്കൂറൊരുക്കുന്നത്. അടുത്തകാലംവരെ പൊന്നുംവിലയ്ക്ക് വാങ്ങാൻ കർഷകരുണ്ടായിരുന്ന ഈ ഗ്രാമത്തിൽ ഇപ്പോൾ ആളുകൾ പുറത്തിറങ്ങാനാകാതെ പകച്ചുനിൽക്കുകയാണ്.

കൂടരഞ്ഞി പഞ്ചായത്തിലെ കക്കാടംപൊയിലിനോട് ചേർന്നുകിടക്കുന്ന തേനരുവി പ്രദേശം കാട്ടാനകളുടെ വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്.  കാർഷികവിഭവങ്ങളാൽ സമൃദ്ധമായ ഇവിടം കാട്ടാനകൾ വിട്ടുപോകുന്നില്ല. ഇടയ്ക്ക് നിലമ്പൂർ കൊടുമ്പുഴ വനമേഖലയിലേക്ക് പോകുമെങ്കിലും അധികം വൈകാതെതന്നെ തിരിച്ചെത്തും.

ഒറ്റയ്ക്കും കൂട്ടമായുമെത്തുന്ന കാട്ടാനകൾ രണ്ടും മൂന്നും ദിവസം തമ്പടിച്ച് സകലതും കഴിച്ചശേഷമാണ് തിരിച്ചുപോകുന്നത്.

ബാങ്കിൽനിന്ന് വായ്പയെടുത്തും മറ്റുമാണ് കർഷകരിൽ പലരും കൃഷിയിറക്കിയത്. ഇവ തിരിച്ചടയ്ക്കാനാകാതെ ബുദ്ധിമുട്ടുകയാണ് ഒട്ടേറെപ്പേർ. വനംവകുപ്പിൽനിന്നും കൃഷിവകുപ്പിൽനിന്നും തുച്ഛമായ നഷ്ടപരിഹാരത്തുകയാണ് ലഭിക്കുക. അതാകട്ടെ കിട്ടാൻ കാലതാമസമുണ്ടാകും.

Post a Comment

0 Comments