ലോകമെമ്പാടുമുള്ള അമ്മമാർക്ക് ആദരവും സ്നേഹവും അർപ്പിക്കുന്ന മനോഹരമായ ദിവസമാണ് ഇന്ന്, മെയ് 11. ഓരോ വർഷത്തിലെയും ഈ ദിവസം മാതൃത്വത്തിൻ്റെ മഹത്വം വിളിച്ചോതുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും വ്യത്യസ്ത ദിവസങ്ങളിലാണ് മാതൃദിനം ആഘോഷിക്കപ്പെടുന്നതെങ്കിലും, അമ്മ എന്ന വാക്ക് നൽകുന്ന വാത്സല്യവും കരുതലും സാർവ്വത്രികമാണ്.
നമ്മുടെ ജീവിതത്തിൽ അമ്മമാർക്കുള്ള സ്ഥാനം വാക്കുകൾക്ക് അതീതമാണ്. ഓരോ നിശ്വാസത്തിലും താങ്ങും തണലുമായി അവർ കൂടെയുണ്ട്. എന്നിരുന്നാലും, അമ്മമാരെ വേദനിപ്പിക്കുകയും, ക്രൂരമായി ആക്രമിക്കുകയും, ജീവൻ പോലും അപഹരിക്കുകയും ചെയ്യുന്ന ദൗർഭാഗ്യകരമായ സംഭവങ്ങൾ ഇന്ന് വർധിച്ചു വരുന്നു എന്നത് ഖേദകരമായ യാഥാർത്ഥ്യമാണ്. ഈ സാഹചര്യത്തിൽ മാതൃദിനത്തിൻ്റെ പ്രസക്തിയും പ്രാധാന്യവും വർധിക്കുകയാണ്. അമ്മമാരെ ഓർക്കാനും അവരുടെ ത്യാഗങ്ങളെ സ്മരിക്കാനും ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു.
മാതൃദിനത്തിന് ഒരു ചരിത്രമുണ്ട്. അമേരിക്കക്കാരിയായ അന്ന ജാർവിസാണ് 1908ൽ ആദ്യമായി മാതൃദിനാഘോഷം സംഘടിപ്പിച്ചത്. തൻ്റെ പ്രിയപ്പെട്ട അമ്മയായ ആൻ റീവ്സ് ജാർവിസിൻ്റെ ഓർമ്മയ്ക്കായാണ് അന്ന ഈ ദിനം സംഘടിപ്പിച്ചത്. അന്നയുടെ അമ്മയായ ആൻ റീവ്സ്, അമേരിക്കൻ ആഭ്യന്തര യുദ്ധകാലത്ത് പരിക്കേറ്റ സൈനികരെ ശുശ്രൂഷിക്കുന്നതിനായി 'മദേഴ്‌സ് ഡേ വർക്ക് ക്ലബ്ബുകൾ' എന്ന പേരിൽ കൂട്ടായ്മകൾ രൂപീകരിച്ച ഒരു സാമൂഹ്യ പ്രവർത്തകയായിരുന്നു. കുടുംബത്തിനും രാജ്യത്തിനും വേണ്ടി ആൻ റീവ്സ് ജാർവിസ് നടത്തിയ നിസ്വാർത്ഥമായ സേവനങ്ങളെയും ത്യാഗങ്ങളെയും ആദരിക്കുന്നതായിരുന്നു മകൾ അന്നയുടെ ലക്ഷ്യം.
അന്ന ജാർവിസിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഫലമായി 1914ൽ അമേരിക്കൻ ഐക്യനാടുകളിൽ മാതൃദിനം ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടു. അതിനുശേഷമാണ് ഈ ദിനം ലോകമെമ്പാടുമുള്ള ആളുകൾ ആഘോഷിക്കാൻ തുടങ്ങിയത്.
മാതൃദിനം വെറുമൊരു ആഘോഷം മാത്രമല്ല; ഓരോ അമ്മയുടെയും സ്നേഹത്തിനും കരുതലിനുമുള്ള ഒരു നന്ദിപ്രകടനം കൂടിയാണ്. സ്വന്തം ഇഷ്ടങ്ങൾ മാറ്റിവച്ച് മക്കളുടെ സന്തോഷത്തിനായി ജീവിതം ഉഴിഞ്ഞുവെക്കുന്ന ഓരോ അമ്മയ്ക്കും ഈ ദിനം ഒരു ഓർമ്മപ്പെടുത്തലാണ് - നിങ്ങൾ എത്രത്തോളം വിലപ്പെട്ടവരാണെന്ന്. ഈ മാതൃദിനത്തിൽ നമുക്ക് ഓരോരുത്തർക്കും നമ്മുടെ അമ്മമാരെ ഓർക്കാം, അവരോടുള്ള സ്നേഹം പ്രകടിപ്പിക്കാം, അവരുടെ ത്യാഗങ്ങൾക്ക് നന്ദി പറയാം. അമ്മയുടെ സാമീപ്യം ഒരു അനുഗ്രഹമാണ്, ആ അനുഗ്രഹത്തെ നമുക്ക് എന്നും ചേർത്തുപിടിക്കാം.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.