Ticker

6/recent/ticker-posts

വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് വഴി അശ്ലീല സന്ദേശം അയച്ച കേസ്: യുവാവ് പിടിയിൽ


താമരശ്ശേരി: യുവതിയുടെ ഫോട്ടോയും പേരും ഉപയോഗിച്ച് വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ട് സൃഷ്ടിച്ചു അശ്ലീല സന്ദേശങ്ങൾ അയച്ച കേസിൽ യുവാവ് പിടിയിൽ. താമരശ്ശേരി ഈങ്ങാപ്പുഴ കുപ്പായക്കോട് കളളാടികാവ് ജെ. ജിബുനി (34)നെയാണ് വടകര സൈബർ ക്രൈം പൊലീസ് ഇൻസ്‌പെക്ടർ സിആർ രാജേഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

യുവതിയുമായി മുൻപരിചയമുണ്ടായിരുന്ന പ്രതി, ഫോട്ടോകൾ ഉപയോഗിച്ച് നഗ്‌നദൃശ്യങ്ങൾ നിർമ്മിച്ച് യുവതിയുടെ സുഹൃത്തുകൾക്ക് അയയ്ക്കുകയായിരുന്നു. വ്യാജ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പ്രചരിപ്പിച്ചത്. സുഹൃത്തുക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ സംഭവമറിഞ്ഞ യുവതി ഉടൻ തന്നെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

വടകര സൈബർ ക്രൈം പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് ജിബുനിയാണെന്ന സംശയത്തിൽ പ്രതിയെ പിടികൂടിയത്. തുടർന്ന് വടകര ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

എഎസ്‌ഐ റിതേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ദിൽജിത്ത്, സിവിൽ പൊലീസ് ഓഫീസർമാരായ ശ്രീനേഷ്, ലിബീഷ്, അനൂപ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.

Post a Comment

0 Comments