Ticker

6/recent/ticker-posts

Header Ads Widget


വെള്ളാർമല സ്കൂൾ വിദ്യാർത്ഥികൾക്ക് പുതിയ ക്ലാസ് മുറികൾ; നാളെ മുതൽ പഠനം ആരംഭിക്കും

വെള്ളാർമല/മേപ്പാടി: ഉരുൾപൊട്ടൽ ദുരന്തത്തിൽ കെട്ടിടം നഷ്ടപ്പെട്ട വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ നാളെ (തിങ്കൾ, ജൂൺ 2, 2025) മുതൽ പുതിയ ക്ലാസ് മുറികളിൽ പഠനം ആരംഭിക്കും. ബിൽഡേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യ (ബി.എ.ഐ) യാണ് മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂൾ വളപ്പിൽ ആധുനിക സൗകര്യങ്ങളോടെയുള്ള ഈ ക്ലാസ് മുറികൾ നിർമ്മിച്ച് നൽകിയത്.

ഉരുൾപൊട്ടൽ ദുരന്തത്തിനുശേഷം വെള്ളാർമല സ്കൂളിന്റെ പ്രവർത്തനം മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലാണ് നടക്കുന്നത്. ബി.എ.ഐ മൂന്ന് കോടി രൂപ ചെലവഴിച്ച് 12 ക്ലാസ് മുറികളും 16 ശുചിമുറികളുമാണ് ഇവിടെ നിർമ്മിച്ച് നൽകുന്നത്. ഇതിൽ എട്ട് ക്ലാസ് മുറികളുടെയും 10 ശുചിമുറികളുടെയും നിർമ്മാണം പൂർത്തിയായി. ഹൈസ്കൂളിലെ ആറ് ഡിവിഷനുകളിലായി പഠിക്കുന്ന 250 വിദ്യാർത്ഥികൾ നാളെ മുതൽ പുതിയ കെട്ടിടത്തിൽ ക്ലാസുകൾ ആരംഭിക്കും. ഇതിനു പുറമെ സ്റ്റാഫ് റൂം, ലാബ് എന്നിവയും പുതിയ മുറികളിൽ പ്രവർത്തിച്ചു തുടങ്ങും. ബാക്കിയുള്ള നാല് ക്ലാസ് മുറികളുടെയും ആറ് ശുചിമുറികളുടെയും നിർമ്മാണം ജൂൺ അവസാനത്തോടെ പൂർത്തിയാവും.

വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗങ്ങളിലായി 460 വിദ്യാർത്ഥികളും പ്ലസ്ടു വിഭാഗത്തിൽ 90 വിദ്യാർത്ഥികളുമുണ്ട്. ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ 17 ഡിവിഷനുകളും പ്ലസ്ടുവിന് നാല് ഡിവിഷനുകളുമുണ്ട്.

ആദരിക്കൽ ചടങ്ങും വാട്ടർ പ്യൂരിഫയർ സ്ഥാപിക്കലും

നാളെ രാവിലെ 10 മണിക്ക് ബി.എ.ഐ ഭാരവാഹികൾ, സ്കൂളിലെ അധ്യാപകർ എന്നിവർ ചേർന്ന് ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ കുട്ടികളെ പുതിയ ക്ലാസ് മുറികളിലേക്ക് സ്വാഗതം ചെയ്യും. ഇതിനുശേഷം എസ്.എസ്.എൽ.സി. പരീക്ഷയിൽ നൂറു ശതമാനം വിജയം നേടിയ വെള്ളാർമല ഹൈസ്കൂളിലെ 25 അധ്യാപകരെ ബി.എ.ഐയുടെ നേതൃത്വത്തിൽ ആദരിക്കും. മേപ്പാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടക്കുന്ന ചടങ്ങ് ബി.എ.ഐ ദേശീയ വൈസ് പ്രസിഡന്റ് എൻ. രഘുനാഥൻ ഉദ്ഘാടനം ചെയ്യും. പ്ലസ്ടു പരീക്ഷയിൽ 83 ശതമാനം വിജയം നേടിയ വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ 11 അധ്യാപകരെയും ചടങ്ങിൽ ആദരിക്കും.

ബി.എ.ഐ സംസ്ഥാന ചെയർമാൻ കെ.എ. ജോൺസൺ, മുൻ സംസ്ഥാന ചെയർമാൻ സുരേഷ് പൊറ്റെക്കാട്ട്, സംസ്ഥാന സെക്രട്ടറി സൈജൻ കുര്യാക്കോസ് ഓലിയാപ്പുറം, സംസ്ഥാന ട്രഷറർ കെ. സതീഷ് കുമാർ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു കെ, മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് ബാബു കെ, വെള്ളാർമല ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ ഭവ്യ ലാൽ, വെള്ളാർമല ഹൈസ്കൂൾ ഹെഡ്മാഷ് ഇൻ ചാർജ് ഉണ്ണികൃഷ്ണൻ വി, ശ്രീജിത്ത് പി.എം, മേപ്പാടി പഞ്ചായത്ത് മെമ്പർ സി.കെ. നൂറുദ്ദീൻ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.

രണ്ട് ലക്ഷം രൂപ ചെലവഴിച്ച് സ്കൂളിൽ രണ്ട് വാട്ടർ പ്യൂരിഫയർ യൂണിറ്റുകളും പബ്ലിക് അഡ്രസ് (പി.എ) സിസ്റ്റവും ബി.എ.ഐയുടെ നേതൃത്വത്തിൽ ഇന്ന് ഒരുക്കി നൽകും. സ്റ്റാഫ് അനൗൺസ്മെന്റിനും സ്കൂളിലെ അസംബ്ലിക്കും ഇത് ഉപയോഗിക്കും. ബി.എ.ഐയുടെ സംസ്ഥാനത്തെ 22 സെന്ററുകളിൽ നിന്നായി 100 പ്രതിനിധികൾ ചടങ്ങിൽ പങ്കെടുക്കും.

Post a Comment

0 Comments