കോഴിക്കോട്: കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കൊണ്ടോട്ടി കെ.എഫ്. മൻസിലിൽ മുഹമ്മദ് നിയാസിനെയാണ് (25) പോലീസ് പിടികൂടിയത്. തട്ടിക്കൊണ്ടുപോകൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. കേരള-കർണാടക അതിർത്തിയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്.
തട്ടിക്കൊണ്ടുപോയ ദിവസം അന്നൂസ് റോഷൻ്റെ വീട്ടിൽ ബൈക്കിലെത്തിയ സംഘത്തിൽ മുഹമ്മദ് നിയാസും ഉൾപ്പെട്ടിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, സംഭവത്തിന് പിന്നിലെ പ്രധാന സംഘത്തെ കണ്ടെത്താനുള്ള അന്വേഷണം പോലീസ് ഊർജിതമാക്കി. തട്ടിക്കൊണ്ടുപോയ അന്നൂസ് റോഷനിൽ നിന്ന് പോലീസ് കൂടുതൽ വിവരങ്ങൾ ശേഖരിച്ചു. മൈസൂരിൽ നിന്ന് തിരിച്ചു വരുമ്പോൾ കാറിൽ രണ്ട് പേർ കൂടെയുണ്ടായിരുന്നെന്നും, താൻ ഉറങ്ങുന്നതിനിടെ ഇവർ കാറിൽ നിന്നിറങ്ങി പോയെന്നുമാണ് അന്നൂസ് പോലീസിന് മൊഴി നൽകിയിരിക്കുന്നത്. കർണാടക സ്വദേശിയായ ടാക്സി ഡ്രൈവറിൽ നിന്നും പോലീസ് വിവരങ്ങൾ ശേഖരിക്കുന്നുണ്ട്.
ഏഴ് അംഗ സംഘമാണ് വീട്ടിലെത്തി അന്നൂസിനെ തട്ടിക്കൊണ്ടുപോയതെന്നാണ് പോലീസ് നിഗമനം. ഈ സംഘത്തെ കണ്ടെത്താനാണ് നിലവിൽ പോലീസ് അന്വേഷണം കേന്ദ്രീകരിക്കുന്നത്. സംഘത്തെ സഹായിച്ച മൂന്ന് പേർ നിലവിൽ അറസ്റ്റിലായിട്ടുണ്ട്.


0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.