കൊച്ചി: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ചിത്രകാരിയുമായ ജസ്ന സലീം തനിക്കിനി മതമില്ലെന്ന് പ്രഖ്യാപിച്ചു. ഏതൊരു മതത്തിന്റെയും ലേബലിൽ അറിയപ്പെടാൻ ആഗ്രഹിക്കുന്നില്ലെന്നും ഇനി ഒരു മനുഷ്യനായി ജീവിക്കാനാണ് ആഗ്രഹമെന്നും അവർ ഫേസ്‌ബുക്ക് വീഡിയോയിലൂടെ അറിയിച്ചു.
ശ്രീകൃഷ്ണന്റെ ചിത്രങ്ങൾ വരച്ച് ശ്രദ്ധ നേടിയ വ്യക്തിയാണ് ജസ്ന സലീം. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുരുവായൂരിലെത്തിയപ്പോൾ താൻ വരച്ച ഗുരുവായൂരപ്പന്റെ ചിത്രം സമ്മാനിച്ച് ജസ്ന വാർത്തകളിൽ ഇടം നേടിയിരുന്നു.
"ഇതുവരെ ജസ്ന സലീം എന്ന വ്യക്തി ഇസ്ലാം മതത്തിലാണെന്നായിരുന്നു അറിയപ്പെട്ടിരുന്നത്. എന്നാൽ ഈ ഒരു നിമിഷം മുതൽ ഞാൻ മതം ഉപേക്ഷിക്കുകയാണ്," ജസ്ന വീഡിയോയിൽ പറഞ്ഞു. "മതത്തിന്റെ പേരിൽ അറിയപ്പെടാൻ ആഗ്രഹമില്ല. ഇനി മനുഷ്യനായി ജീവിക്കാനാണ് ആഗ്രഹം. തട്ടമിട്ടോ, തട്ടമിട്ടില്ലേ, പൊട്ടുതൊട്ടോ എന്നിങ്ങനെയുള്ള ചോദ്യങ്ങൾക്കൊന്നും ഇനി പ്രസക്തിയില്ല," അവർ കൂട്ടിച്ചേർത്തു.
നേരത്തെ, ഗുരുവായൂർ ക്ഷേത്രത്തിൽ ഹൈക്കോടതി ഉത്തരവ് ലംഘിച്ച് വീഡിയോ ചിത്രീകരിച്ചതിന് ജസ്ന സലീമിനെതിരെ പോലീസ് കേസെടുത്തിരുന്നു. ഗുരുവായൂർ കിഴക്കേനടയിൽ കൃഷ്ണ വിഗ്രഹത്തിൽ മാല ചാർത്തി വീഡിയോ എടുത്തെന്നായിരുന്നു പരാതി. ദേവസ്വം ബോർഡ് തന്നെയാണ് ഇത് സംബന്ധിച്ച് പരാതി നൽകിയത്. കൂടാതെ, തന്റെ ജന്മദിനത്തിന് ജസ്ന ഗുരുവായൂരിലെ നടപ്പന്തലിൽ വെച്ച് കേക്ക് മുറിച്ചതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഈ പരാതികൾക്ക് പിന്നാലെ ഹൈക്കോടതി ഗുരുവായൂർ ക്ഷേത്രത്തിലെ നടപ്പന്തലിൽ വീഡിയോഗ്രാഫിക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.