തിരുവമ്പാടി: ഭൂവിസ്തൃതിയിൽ ജില്ലയിലെ ഏറ്റവും വലിയ വില്ലേജായ തിരുവമ്പാടി വില്ലേജ് ഓഫീസ് വിഭജിക്കണമെന്ന ആവശ്യം ശക്തമാകുന്നു. 83.96 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ഈ വില്ലേജിൽ 24 കിലോമീറ്റർ അകലെയുള്ള മുത്തപ്പൻപുഴ, മറിപ്പുഴ പ്രദേശങ്ങൾ ഉൾപ്പെടെ ധാരാളം മലയോരപ്രദേശങ്ങൾ ഉൾപ്പെടുന്നുണ്ട്. ഗ്രാമപ്പഞ്ചായത്ത് നിവാസികൾക്കാകെ ആശ്രയമായി ഒരേയൊരു വില്ലേജ് ഓഫീസാണുള്ളത്.
യാത്രാദുരിതം രൂക്ഷം
പൊന്നാങ്കയം, പുന്നക്കൽ, തമ്പലമണ്ണ ഉൾപ്പെടെ ബസ് ഗതാഗതം കുറവായ സ്ഥലങ്ങൾകൂടി ഉൾപ്പെടുന്ന വില്ലേജാണിത്. വിദൂരങ്ങളിൽനിന്ന് ഒരു ദിവസത്തെ ജോലിവരെ ഉപേക്ഷിച്ചുവേണം ആളുകൾക്ക് വില്ലേജ് ഓഫീസിലെത്താൻ. വിവിധ സർട്ടിഫിക്കറ്റുകൾ തരപ്പെടുത്താൻ വിദ്യാർഥികളും കുടിയേറ്റകർഷകരും അനുഭവിക്കുന്ന ദുരിതം ഏറെയാണ്. ആദിവാസികൾ ഉൾപ്പെടെ ധാരാളം പിന്നാക്കവിഭാഗങ്ങൾകൂടി ഉൾപ്പെടുന്ന പ്രദേശംകൂടിയാണിത്.
അധികൃതരുടെ നിസ്സംഗത
വില്ലേജ് വിഭജിച്ച് പുല്ലൂരാംപാറ ആസ്ഥാനമായി പുതിയ വില്ലേജ് അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊതുപ്രവർത്തകൻ എ.കെ. മുഹമ്മദ് മൂന്നുവർഷം മുൻപ് റവന്യൂമന്ത്രിക്ക് നേരിട്ട് നിവേദനം നൽകിയിരുന്നെങ്കിലും നടപടിയൊന്നുമുണ്ടായില്ല. വില്ലേജ് ഓഫീസിൽ ആവശ്യത്തിന് വാഹനങ്ങളോ ജീവനക്കാരോ ഇല്ലാത്തതും പ്രശ്നം വഷളാക്കുന്നു. ബസ്സോട്ടമില്ലാത്ത ഒട്ടേറെ പ്രദേശങ്ങളാണ് വില്ലേജ് അധീനതയിലുള്ളത്. വൻതുക നൽകി ടാക്സി വാഹനങ്ങളെ ആശ്രയിച്ചാണ് ജീവനക്കാർ വിവിധ സ്ഥലങ്ങൾ സന്ദർശിക്കുന്നത്. പ്രകൃതിക്ഷോഭമുണ്ടായാൽ അതിവേഗം എത്തിച്ചേരേണ്ട ഉദ്യോഗസ്ഥവിഭാഗമാണ് റവന്യൂ ജീവനക്കാർ.
വീട്, കെട്ടിട നികുതി നോട്ടിസ് നൽകൽ, ഭൂനികുതി പിരിക്കൽ, ബാങ്ക് വായ്പയുമായി ബന്ധപ്പെട്ട് കൈവശരേഖകൾ സംബന്ധിച്ച പരിശോധനകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി കുന്നും മലയും താണ്ടി ജീവനക്കാരെത്തണം. മൂന്ന് വില്ലേജ് ഫീൽഡ് അസിസ്റ്റന്റുമാർ ഉണ്ടായിരുന്ന ഇവിടെ നിലവിൽ ഒരു അസിസ്റ്റന്റ് മാത്രമേയുള്ളൂ. പ്രധാന തസ്തികകളിലെ ഒഴിവുകൾ നികത്തിയിട്ടുണ്ടെങ്കിലും ജീവനക്കാരുടെ കുറവ് കാര്യക്ഷമമായ പ്രവർത്തനത്തിന് തടസ്സമാകുന്നുണ്ട്.
സമീപ പഞ്ചായത്തുകളിലെ സാഹചര്യം
ഭൂവിസ്തൃതിയുടെ കാര്യത്തിൽ മാത്രമല്ല ജനസംഖ്യയുടെ കാര്യത്തിലും മലയോരത്തെ ഏറ്റവും വലിയ പഞ്ചായത്താണ് തിരുവമ്പാടി. സമീപ പഞ്ചായത്തുകളായ കോടഞ്ചേരി (നെല്ലിപ്പൊയിൽ, കോടഞ്ചേരി, കൂടത്തായി), പുതുപ്പാടി (ഈങ്ങാപ്പുഴ, പുതുപ്പാടി), ഓമശ്ശേരി (പുത്തൂർ, കൂടത്തായി, നീലേശ്വരം), മുക്കം (താഴക്കോട്, നീലേശ്വരം), കാരശ്ശേരി (കക്കാട്, കുമാരനെല്ലൂർ) എന്നിവിടങ്ങളിലെല്ലാം ഒന്നിലധികം വില്ലേജ് ഓഫീസുകളുണ്ട്. ഈ പഞ്ചായത്തുകളിലൊന്നും തിരുവമ്പാടിയിലേതുപോലെ ഗതാഗത പ്രശ്നം നിലനിൽക്കുന്നില്ല. ഇരുപതോ മുപ്പതോ മിനിറ്റുകൾക്കകം വാഹനത്തിൽ എളുപ്പത്തിൽ എത്തിച്ചേരാൻ സൗകര്യപ്രദമായ ഇടങ്ങളിലാണ് അവിടുത്തെ വില്ലേജ് ഓഫീസുകൾ സ്ഥിതി ചെയ്യുന്നത്.
തിരുവമ്പാടിയിലെ ജനങ്ങളുടെ ദുരിതം കണക്കിലെടുത്ത് വില്ലേജ് വിഭജനം വേഗത്തിലാക്കാൻ അധികൃതർ തയ്യാറാകുമോ എന്ന് കണ്ടറിയണം.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.