Ticker

6/recent/ticker-posts

Header Ads Widget


അടിസ്ഥാന സൗകര്യങ്ങളില്ലാതെ പുല്ലൂരാംപാറ


പുല്ലൂരാംപാറ: അനുദിനം വളരുന്ന പുല്ലൂരാംപാറ പ്രദേശം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം കാരണം ദുരിതത്തിലാണ്. ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളോ പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാനുള്ള സൗകര്യങ്ങളോ ഇല്ലാത്തത് ഇവിടുത്തെ നിത്യയാത്രക്കാർക്ക്, പ്രത്യേകിച്ച് പ്രായമായവർക്കും സ്ത്രീകൾക്കും കുട്ടികൾക്കും വലിയ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.

മണിക്കൂറുകളോളം ബസ് കാത്തുനിൽക്കേണ്ടി വരുന്ന സാഹചര്യങ്ങളിൽ യാത്രക്കാർക്ക് വലിയ പ്രയാസങ്ങളാണ് നേരിടേണ്ടി വരുന്നത്. നിലവിൽ റോഡരികിലെ വ്യാപാര സ്ഥാപനങ്ങൾക്ക് മുന്നിലാണ് ആളുകൾ ബസ് കാത്തുനിൽക്കുന്നത്. മഴ പെയ്താൽ ഒന്നു കയറി നിൽക്കാൻ പോലും ഇവിടെ ഇടമില്ലാത്ത അവസ്ഥയാണ്. യാത്രക്കാർ കൂട്ടമായി കടകളുടെ മുന്നിൽ നിൽക്കുന്നത് കച്ചവടത്തെയും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്ന് വ്യാപാരികൾ പറയുന്നു.

ബസ് കാത്തിരിപ്പുകേന്ദ്രം സ്ഥാപിക്കണമെന്നത് പുല്ലൂരാംപാറ നിവാസികളുടെ ദീർഘകാലത്തെ ആവശ്യമാണ്. മലയോര ഹൈവേയുടെ നിർമ്മാണത്തിൽ ബസ് ഷെൽട്ടർ ഉൾപ്പെടുത്തിയിരുന്നെങ്കിലും പുല്ലൂരാംപാറയിൽ ഇത് ഇതുവരെ നിർമ്മിച്ചിട്ടില്ല.

പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ സ്ഥലമില്ലാത്തതിനാൽ സ്ത്രീകളും കച്ചവടക്കാരും യാത്രക്കാരും പലപ്പോഴും സമീപത്തുള്ള ആരാധനാലയങ്ങളിലെ ശുചിമുറികളെയാണ് ആശ്രയിക്കേണ്ടി വരുന്നത്. ഇത് വലിയൊരു സാമൂഹിക പ്രശ്നമായി മാറിയിരിക്കുകയാണ്. അധികൃതർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെട്ട് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Post a Comment

0 Comments