Ticker

6/recent/ticker-posts

ആദ്യരാത്രിയിൽ നവവധുവിന്റെ സ്വർണം കവർന്ന കേസിൽ ബന്ധു പിടിയിൽ


നവവധുവിന്റെ 30 പവൻ സ്വർണാഭരണങ്ങൾ കവർച്ചചെയ്ത കേസിൽ വരന്റെ അടുത്ത ബന്ധുവായ സ്ത്രീ പിടിയിലായി. കൂത്തുപറമ്പ് വേങ്ങാട് സ്വദേശി എ.കെ. വിപിനി (46) ആണ് അറസ്റ്റിലായത്. കണ്ണൂർ  പലിയേരിയിലെ എ.കെ.
 അർജുന്റെ ഭാര്യ ആർച്ച എസ്. സുധിയുടെ വിവാഹദിവസം നഷ്ടപ്പെട്ട ആഭരണങ്ങൾ കവർന്നത് ഇവരാണെന്ന് പോലീസ് കണ്ടെത്തി.

മേയ് ഒന്നിനായിരുന്നു അർജുന്റെയും ആർച്ചയുടെയും വിവാഹം. വിവാഹം കഴിഞ്ഞ് അന്നു രാത്രിതന്നെ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഏഴാം തീയതി രാവിലെ വീടിന് സമീപത്തുനിന്ന് ഉപേക്ഷിച്ച നിലയിൽ ആഭരണങ്ങൾ പോലീസ് കണ്ടെടുക്കുകയായിരുന്നു.

വിവാഹദിവസം വരന്റെ വീട്ടിൽ സജീവമായി ഉണ്ടായിരുന്ന പ്രതി രാത്രി ഒൻപതോടെ കൂത്തുപറമ്പിലേക്ക് പോയിരുന്നു. പോലീസ് അന്വേഷണം ഊർജിതമാക്കിയതോടെ ആറാം തീയതി രാത്രി 12 മണിയോടെ കൂത്തുപറമ്പിൽനിന്ന് കരിവെള്ളൂരിലെത്തി ആഭരണം ഉപേക്ഷിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

പയ്യന്നൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പയ്യന്നൂർ എസ്ഐ പി. യദുകൃഷ്ണന്റെയും മനോജിന്റെയും നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷണം നടത്തിയത്.

സ്വർണം സൂക്ഷിച്ചിരുന്ന പെട്ടിയിലെ വിരലടയാളവും പ്രതിയുടെ ഫോൺകോളുകളും കേന്ദ്രീകരിച്ചുള്ള പോലീസിന്റെ വിദഗ്ധമായ അന്വേഷണമാണ് കേസിൽ വഴിത്തിരിവായത്. വിവാഹത്തിന്റെ പിറ്റേന്ന് ബന്ധുക്കളെ കാണിക്കാനായി ഷെൽഫ് തുറന്നപ്പോഴാണ് ആഭരണങ്ങൾ നഷ്ടപ്പെട്ട വിവരം വീട്ടുകാർ അറിയുന്നത്.

ആഭരണങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടിയിൽനിന്ന് ആറുപേരുടെ വിരലടയാളം പോലീസിന് ലഭിച്ചിരുന്നു. ഇതിൽ പിടിയിലായ പ്രതിയുടെ വിരലടയാളവും ഉണ്ടായിരുന്നു. കൂടുതൽ പരിശോധനയ്ക്കായി സ്റ്റേഷനിൽ ഹാജരാകാൻ ആവശ്യപ്പെട്ടെങ്കിലും പ്രതി ഒഴിഞ്ഞുമാറി. ഇതിനിടയിലാണ് ആഭരണങ്ങൾ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുന്നത്.

പ്രതിയുടെ ഫോൺകോളുകൾ പരിശോധിച്ചപ്പോഴും പോലീസിന് സംശയം ബലപ്പെട്ടു. കല്യാണദിവസം എപ്പോഴാണ് മടങ്ങിയതെന്ന ചോദ്യത്തിന് വൈകിട്ടാണെന്നായിരുന്നു പ്രതിയുടെ മറുപടി. എന്നാൽ രാത്രി ഒമ്പതുവരെ ഇവർ വിവാഹവീട്ടിലുണ്ടായിരുന്നുവെന്ന് പോലീസ് കണ്ടെത്തി. ഈ വൈരുദ്ധ്യവും വിരലടയാളവും കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.

Post a Comment

0 Comments