വടകര: ദേശീയപാതയിൽ മൂരാട് പാലത്തിന് സമീപം ഞായറാഴ്ച വൈകിട്ട് 3.10 ഓടെ കാറും ട്രാവലർ വാനും കൂട്ടിയിടിച്ച് നാലുപേർ ദാരുണമായി മരിച്ചു. കാറിൽ യാത്ര ചെയ്യുകയായിരുന്ന മൂന്ന് സ്ത്രീകളും ഒരു പുരുഷനുമാണ് മരിച്ചത്. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ട്. മാഹി പുന്നോൽ സ്വദേശികളായ റോജ, ജയവല്ലി, മാഹി റെയിൽവേ സ്റ്റേഷന് സമീപം താമസിക്കുന്ന ഷിഗിൻ ലാൽ, അഴിയൂർ സ്വദേശി രഞ്ജി എന്നിവരാണ് മരിച്ചത്.
കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് എതിരെ വരികയായിരുന്ന ട്രാവലറുമായി കൂട്ടിയിടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ നാലുപേരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.
അപകടത്തിൽ കർണാടക സ്വദേശികൾ സഞ്ചരിച്ച ട്രാവലറിലെ എട്ടുപേർക്കും കാറിലുണ്ടായിരുന്ന ഒരാൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവരെ ഉടൻതന്നെ വടകരയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി വരുന്നു.
അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വിവരമറിഞ്ഞ ഉടൻതന്നെ പോലീസും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. മൃതദേഹങ്ങൾ വടകര സഹകരണ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.