Ticker

6/recent/ticker-posts

Header Ads Widget


വെളിച്ചെണ്ണ വില കുതിച്ചുയരുന്നു, മായം കലർന്ന വെളിച്ചെണ്ണ വ്യാപകം


കോഴിക്കോട്: തേങ്ങയുടെയും കൊപ്രയുടെയും വില റെക്കോർഡ് തലത്തിൽ എത്തിയതോടെ വെളിച്ചെണ്ണ വിപണി കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുന്നു. ദിനംപ്രതിയുള്ള വില വർദ്ധനവ് ചെറുകിട വെളിച്ചെണ്ണമില്ലുകളെ വലിയ തോതിൽ ബാധിച്ചിരിക്കുകയാണ്. ഈ സാഹചര്യം മുതലെടുത്ത് വിപണിയിൽ മായം കലർന്ന വെളിച്ചെണ്ണ വ്യാപകമാകാൻ സാധ്യതയുണ്ടെന്നും ആശങ്കയുണ്ട്.

തിങ്കളാഴ്ചത്തെ കണക്കനുസരിച്ച് ഒരു ലിറ്റർ വെളിച്ചെണ്ണയുടെ വില 350 രൂപയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇരട്ടിയോളം വില വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പച്ചത്തേങ്ങയുടെ വില കിലോയ്ക്ക് 68 രൂപയും, കൊപ്രയുടെ വില ക്വിന്റലിന് 21,000 രൂപയും കടന്നതോടെ വെളിച്ചെണ്ണ ഉത്പാദകർക്ക് പ്രവർത്തന മൂലധനത്തിൽ വലിയ വർദ്ധനവ് നേരിടേണ്ടി വരുന്നു.

നീര ഉത്പാദനം ലക്ഷ്യമിട്ട് രൂപീകരിച്ച നാളികേര ഉത്പാദക കമ്പനികളിൽ ചിലത് പോലും ഇപ്പോൾ പിടിച്ചുനിൽക്കുന്നത് വെളിച്ചെണ്ണ ഉത്പാദിപ്പിച്ചാണ്. കൂടാതെ സഹകരണ സ്ഥാപനങ്ങളും ഈ രംഗത്ത് പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഇവയെല്ലാം നിലവിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. പണം നൽകിയാൽ പോലും ആവശ്യത്തിന് തേങ്ങ ലഭ്യമല്ലാത്ത അവസ്ഥയാണ് നിലവിലുള്ളത്.

ഇന്നത്തെ തേങ്ങയുടെ വില അനുസരിച്ച് ഒരു ലിറ്റർ വെളിച്ചെണ്ണ ഉത്പാദിപ്പിക്കാൻ ഏകദേശം 345 രൂപ ചെലവ് വരുമെന്ന് വടകര കോക്കനട്ട് കമ്പനി ചെയർമാൻ ഇ. ശശീന്ദ്രൻ അഭിപ്രായപ്പെട്ടു. വിപണിയിലെത്തുമ്പോൾ ഇതിലും വില വർദ്ധിക്കാൻ സാധ്യതയുണ്ട്. വലിയ തോതിലുള്ള ഉത്പാദനം ഇപ്പോൾ സാധ്യമാകുന്നില്ല. വില കുറയുമോ എന്ന ആശങ്ക കാരണം പല മില്ലുകളും കുറഞ്ഞ അളവിൽ മാത്രം തേങ്ങ വാങ്ങി ഉത്പാദനം നടത്തുന്നു. ഇതിനാണെങ്കിൽ പഴയതുപോലെ വിപണിയിൽ ആവശ്യക്കാരുമില്ല.

വടകര കോക്കനട്ട് കമ്പനി മുൻപ് പ്രതിമാസം 20,000 ലിറ്റർ വെളിച്ചെണ്ണ വിതരണം ചെയ്തിരുന്നത് ഇപ്പോൾ 10,000 ലിറ്ററായി കുറഞ്ഞിട്ടുണ്ട്. ഈ പ്രതിസന്ധി തുടർന്നാൽ ചെറുകിട വെളിച്ചെണ്ണമില്ലുകൾ അടച്ചുപൂട്ടേണ്ടി വരുമെന്നും ആശങ്കയുണ്ട്.

Post a Comment

0 Comments