തിരുവമ്പാടി: മലബാർ റിവർ ഫെസ്റ്റിവലിന്റെ ഭാഗമായി തിരുവമ്പാടി ലെയ്ക്ക് വ്യൂ ഫാം സ്റ്റേയിൽ സംഘടിപ്പിച്ച 'തിലാപ്പിയ' ചൂണ്ടയിടൽ മത്സരത്തിന്റെ രണ്ടാം പതിപ്പിൽ മുക്കം അഗസ്ത്യൻമുഴി സ്വദേശി നിധിൻ കെ. ഒന്നാം സമ്മാനം നേടി. ഒന്നര കിലോയോളം മത്സ്യം പിടിച്ചാണ് നിധിൻ മൂവായിരം രൂപയും മൂന്ന് കിലോ മത്സ്യവും കരസ്ഥമാക്കിയത്.
മത്സരത്തിൽ തിരുവമ്പാടി പെരുമാലിപ്പടി സ്വദേശി ജോളി അബ്രഹാം രണ്ടാം സമ്മാനം നേടി. ഒരു കിലോയും അമ്പത് ഗ്രാമും തൂക്കമുള്ള ഒറ്റ മത്സ്യത്തെ പിടിച്ച ജോളിക്ക് രണ്ടായിരം രൂപയും രണ്ട് കിലോ മത്സ്യവും കൂടാതെ ഏറ്റവും വലിയ മത്സ്യത്തെ പിടിച്ചതിനുള്ള പ്രത്യേക സമ്മാനവും ലഭിച്ചു. ആയിരം രൂപയും ഒരു കിലോ മത്സ്യവും നേടിയ റിഷാൽ കൂടരഞ്ഞിക്കാണ് മൂന്നാം സമ്മാനം. ഏറ്റവും കൂടുതൽ എണ്ണം മത്സ്യത്തെ പിടിച്ചതിനുള്ള സമ്മാനം വിനോദ് പെരുമ്പടപ്പ് സ്വന്തമാക്കി.
തിരുവമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംഎൽഎ ലിന്റോ ജോസഫ് മത്സരം ഉദ്ഘാടനം ചെയ്തു. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡൻ്റ് അലക്സ് തോമസ്, റോട്ടറി മിസ്റ്റി മെഡോസ് പ്രസിഡന്റ് റജി മത്തായി, കോഴിക്കോട് ജില്ലാ പഞ്ചായത്ത് അംഗം ബോസ് ജേക്കബ്, തിരുവമ്പാടി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ലിസി മാളിയേക്കൽ, മെമ്പർമാരായ അപ്പു കോട്ടയിൽ, ഷൗക്കത്തലി, റോട്ടറി ഡിസ്ട്രിക്ട് ഓഫീസർമാരായ ഡോ.സന്തോഷ്, ഡോ.ബെസ്റ്റി ജോസ്, മിസ്റ്റി മെഡോസ് ഭാരവാഹികളായ മെൽബിൻ അഗസ്റ്റിൻ, സനീഷ് സൈമൺ, എൽദോസ് ബേസിൽ, മലബാർ റിവർ ഫെസ്റ്റിവൽ ഭാരവാഹികളായ ബനീറ്റോ ചാക്കോ, പോൾസൺ അറക്കൽ, അജു എമ്മാനുവൽ തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
മലബാർ റിവർ ഫെസ്റ്റിവലിന്റെ ആകർഷണീയമായ പ്രീ-ഇവന്റുകളിൽ ഒന്നായ 'തിലാപ്പിയ' ചൂണ്ടയിടൽ മത്സരത്തിന്റെ ചുമതല തിരുവമ്പാടി റോട്ടറി മിസ്റ്റി മെഡോസ് ക്ലബ്ബാണ് ഏറ്റെടുത്തിരുന്നത്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.