Ticker

6/recent/ticker-posts

ദിവ്യ എസ്. അയ്യർക്കെതിരെ വിജിലൻസിലും കേന്ദ്രത്തിലും പരാതി


സാംസ്കാരിക വകുപ്പ് സെക്രട്ടറിയും വിഴിഞ്ഞം രാജ്യാന്തര തുറമുഖ കമ്പനിയുടെ മാനേജിങ് ഡയറക്ടറുമായ ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യർക്കെതിരെ വിജിലൻസിനും കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിനും പരാതി നൽകി. മുൻ പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്റെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാനാണ് പരാതിക്കാരൻ.

വിജിലൻസിന് നൽകിയ പരാതിയിൽ, ദിവ്യ എസ്. അയ്യർ തിരുവനന്തപുരം സബ് കലക്ടറായിരിക്കെ വർക്കലയിലെ സർക്കാർ ഭൂമി സ്വകാര്യ വ്യക്തിക്ക് പതിച്ചു നൽകിയെന്നാണ് പ്രധാന ആരോപണം. വർക്കല അയിരൂർ വില്ലേജിൽ ഒരു സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന 27 സെന്റ് ഭൂമി റോഡ് പുറമ്പോക്കാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് വർക്കല തഹസിൽദാർ ഈ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിനെതിരെ സ്വകാര്യ വ്യക്തി ഹൈക്കോടതിയെ സമീപിച്ചപ്പോൾ, തീരുമാനമെടുക്കാൻ സബ് കലക്ടറെ ചുമതലപ്പെടുത്തി കോടതി വിധി പുറപ്പെടുവിച്ചു. എന്നാൽ, പരാതിക്കാരന്റെ വാദം കേട്ട ശേഷം ദിവ്യ എസ്. അയ്യർ തഹസിൽദാരുടെ നടപടി റദ്ദാക്കുകയും ഭൂമി സ്വകാര്യ വ്യക്തിക്ക് കൈമാറാൻ നിർദ്ദേശിക്കുകയും ചെയ്തുവെന്നാണ് കെ.എം. ഷാജഹാന്റെ പരാതിയിൽ പറയുന്നത്. ഈ വിഷയത്തിൽ നേരത്തെ സിപിഎം ജില്ലാ കമ്മിറ്റി ആരോപണം ഉന്നയിക്കുകയും വി. ജോയി എംഎൽഎ പരാതി നൽകുകയും ചെയ്തിട്ടുണ്ടെന്നും ഷാജഹാൻ ചൂണ്ടിക്കാട്ടി.

കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിന് നൽകിയ പരാതിയിൽ, ഐഎഎസ് ഉദ്യോഗസ്ഥർക്കുള്ള മാർഗനിർദേശങ്ങൾ ദിവ്യ എസ്. അയ്യർ പതിവായി ലംഘിക്കുന്നുവെന്നാണ് ആരോപണം. സാമൂഹ്യ മാധ്യമങ്ങളുടെ ഉപയോഗത്തിലും ചട്ടങ്ങൾ പാലിക്കുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ഇതിന് ഉദാഹരണമായി, മുഖ്യമന്ത്രി പിണറായി വിജയന്റെ പൊളിറ്റിക്കൽ സെക്രട്ടറിയായിരുന്ന കെ.കെ. രാഗേഷിനെ പുകഴ്ത്തിയത്, പത്തനംതിട്ടയിൽ കുഞ്ഞുമായി വേദിയിൽ പ്രത്യക്ഷപ്പെട്ടത് തുടങ്ങിയ സംഭവങ്ങളും പരാതിയിൽ കെ.എം. ഷാജഹാൻ പരാമർശിച്ചിട്ടുണ്ട്.

സർക്കാർ ഭൂമി പതിച്ചു നൽകിയതുമായി ബന്ധപ്പെട്ട വിജിലൻസ് അന്വേഷണവും, ഐഎഎസ് ചട്ടങ്ങൾ ലംഘിച്ചതുമായി ബന്ധപ്പെട്ട് കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിന്റെ അന്വേഷണവും എത്രയും പെട്ടെന്ന് ആരംഭിക്കണമെന്നാണ് കെ.എം. ഷാജഹാന്റെ ആവശ്യം. ഈ വിഷയത്തിൽ ദിവ്യ എസ്. അയ്യരുടെ പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.

Post a Comment

0 Comments