Ticker

6/recent/ticker-posts

Header Ads Widget


സാമൂഹിക വിരുദ്ധരുടെ താവളമായി ഇലന്ത്കടവ് പാർക്കും പരിസരവും


പുല്ലൂരാംപാറ: സംസ്ഥാന സർക്കാരിന്റെ ഇറിഗേഷൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി മനോഹരമാക്കിയ ഇലന്ത്കടവ് പാർക്കും പരിസരവും സാമൂഹിക വിരുദ്ധരുടെ താവളമായി മാറിയതായി നാട്ടുകാർ പരാതിപ്പെടുന്നു. പച്ചത്തുരുത്ത് പദ്ധതിയുടെ ഭാഗമായി ചെടികളും അലങ്കാര വൃക്ഷങ്ങളും വെച്ചുപിടിപ്പിച്ച് ആകർഷകമാക്കിയ ഈ പ്രദേശം മുൻപ് കുടുംബസമേതം ഉല്ലസിക്കാനും യാത്രക്കാർക്ക് വിശ്രമിക്കാനുമുള്ളൊരിടമായിരുന്നു.

എന്നാൽ, പാർക്കിനോട് ചേർന്ന് പുതിയതായി ആരംഭിച്ച ബിയർ പാർലറും സമീപത്തുണ്ടായിരുന്ന കള്ള് ഷാപ്പും കേന്ദ്രീകരിച്ച് മദ്യപാനികളും ലഹരി ഉപയോഗിക്കുന്നവരും വർദ്ധിച്ചതാണ് ഇപ്പോഴത്തെ ദുരവസ്ഥയ്ക്ക് കാരണം. ഇവർ പാർക്ക് കേന്ദ്രീകരിച്ചാണ് മദ്യപാനവും മറ്റ് ലഹരി ഉപയോഗങ്ങളും നടത്തുന്നതെന്ന് നാട്ടുകാർ പറയുന്നു.

പകൽ സമയങ്ങളിൽ പോലും പുറം സ്ഥലങ്ങളിൽ നിന്ന് വിദ്യാർത്ഥിനികൾ ഉൾപ്പെടെയുള്ളവർ ഇവിടെയെത്തി പരസ്യമായി മദ്യപാനവും ലഹരി ഉപയോഗവും നടത്തുന്നത് നാട്ടുകാർക്ക് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. നിരവധി വീടുകളിലേക്കുള്ള പ്രധാന പാതയായ ഈ റോഡിൽ അന്യദേശക്കാർ ഉൾപ്പെടെ കൂട്ടംകൂടി നിന്ന് മദ്യപിക്കുന്നതും ലഹരി ഉപയോഗിക്കുന്നതും സ്ത്രീകളും കുട്ടികളും പ്രായമായവരും ഉൾപ്പെടെയുള്ളവർക്ക് ഭീഷണിയാവുകയാണ്. ഈ വിഷയത്തിൽ അധികൃതരുടെ അടിയന്തര ശ്രദ്ധ പതിയണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Post a Comment

0 Comments