തിരുവമ്പാടി: തിരുവമ്പാടി മണ്ഡലത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പാക്കുന്ന സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ 'ഉയരെ'യുടെ ഭാഗമായി മണ്ഡലത്തിലെ മുഴുവൻ പൊതുവിദ്യാലയങ്ങൾക്കും ലാപ്ടോപ്പുകൾ നൽകുന്ന പദ്ധതിക്ക് തുടക്കമായി. ലിന്റോ ജോസഫ് എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് 85 ലക്ഷം രൂപ ചിലവഴിച്ച് മണ്ഡലത്തിലെ 101 പൊതുവിദ്യാലയങ്ങൾക്ക് 239 ലാപ്ടോപ്പുകളാണ് നൽകുന്നത്.
പദ്ധതിയുടെ ആദ്യഘട്ടത്തിൽ മുക്കം നഗരസഭ, കൊടിയത്തൂർ, കാരശ്ശേരി പഞ്ചായത്തുകളിലെ വിദ്യാലയങ്ങൾക്കാണ് ലാപ്ടോപ്പുകൾ വിതരണം ചെയ്തത്. മുക്കം നഗരസഭാ തല ഉദ്ഘാടനം ലിന്റോ ജോസഫ് എം.എൽ.എ എം.എം.ഒ ഓൾഡ് സ്റ്റുഡന്റ്സ് അസോസിയേഷൻ ഓഡിറ്റോറിയത്തിൽ നിർവഹിച്ചു. കാരശ്ശേരി പഞ്ചായത്ത് തല ഉദ്ഘാടനം വി.എം.എച്ച്.എം.എച്ച്.എസ്.എസ് ആനയാംകുന്നിലും, കൊടിയത്തൂർ പഞ്ചായത്ത് തല ഉദ്ഘാടനം ജി.വി.എച്ച്.എസ്.എസ് ചെറുവാടിയിലും നടന്നു.
ഈ പദ്ധതിയിലൂടെ തിരുവമ്പാടി മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് ആധുനിക പഠന സൗകര്യങ്ങൾ ലഭ്യമാവുകയും ഡിജിറ്റൽ വിദ്യാഭ്യാസ രംഗത്ത് വലിയ മുന്നേറ്റം കൈവരിക്കാൻ സാധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്.
0 Comments
Please be respectful in your comments. We do not tolerate any form of hate speech, harassment, or personal attacks. Comments that violate our community guidelines will be removed.