Ticker

6/recent/ticker-posts

Header Ads Widget


'മേക്കപ്പിട്ട താത്താന്റെ പട്ടി ഷോ'; നഗരസഭാ ചെയർപേഴ്‌സണെ അധിക്ഷേപിച്ച് വ്ലോഗർ പനാലി ജുനൈസ്


കൊണ്ടോട്ടി നഗരസഭാ ചെയർപേഴ്‌സൺ നിത ഷഹീറിനെ വ്യക്തിപരമായി അധിക്ഷേപിച്ച് വ്ലോഗർ പനാലി ജുനൈസ് രംഗത്ത്. കൊണ്ടോട്ടിയിലെ പാലക്കാട്-കോഴിക്കോട് ദേശീയപാതയുടെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടുന്ന ഒരു വീഡിയോയിലാണ് ജുനൈസ് വിവാദപരമായ പരാമർശങ്ങൾ നടത്തിയത്. എന്നാൽ, ഈ വിമർശനങ്ങൾക്ക് പിന്നാലെ മറുപടിയുമായി ചെയർപേഴ്‌സൺ നിത ഷഹീറും രംഗത്തെത്തി.

വ്ലോഗറുടെ അധിക്ഷേപങ്ങൾ:

'മുൻസിപ്പാലിറ്റിയിലെ താത്ത' എന്ന് അഭിസംബോധന ചെയ്തുകൊണ്ടാണ് ജുനൈസ് ചെയർപേഴ്‌സണെ അധിക്ഷേപിച്ചത്. നിത ഷഹീർ ജനങ്ങളുടെ പ്രശ്‌നങ്ങൾ അറിയാതെ മുനിസിപ്പാലിറ്റിയുടെ കൊടിവെച്ച വാഹനത്തിൽ കുടുംബക്കാരുടെ വീടുകളിൽ 'ലിപ് ബാമും ഫൗണ്ടേഷൻ ക്രീമും ഇട്ട് കയറി ഇറങ്ങുകയാണെന്നും, ആ തിരക്കിനിടയിൽ പി.ആർ വർക്ക് ചെയ്യാൻ മറന്നു'വെന്നുമാണ് വ്ലോഗർ ആരോപിക്കുന്നത്.

നിത ഷഹീറിന് പുറമെ മുൻ ചെയർപേഴ്‌സണേയും ഇംഗ്ലീഷ് അറിയാത്തതിന്റെ പേരിൽ ഇയാൾ അധിക്ഷേപിക്കുന്നുണ്ട്. "മുൻസിപ്പാലിറ്റിയിലെ ആദ്യത്തെ രണ്ടരക്കൊല്ലം ഇംഗ്ലീഷ് അറിയാത്ത താത്തയുടെ വിളയാട്ടം ആയിരുന്നു. പിന്നത്തെ രണ്ടര കൊല്ലം മേക്കപ്പിട്ട താത്താന്റെ പട്ടി ഷോ. താത്താന്റെ മേക്കപ്പിടുന്ന പൈസ മതി റോഡ് അടയ്ക്കാൻ," എന്നും ജുനൈസ് വീഡിയോയിൽ പറയുന്നു.

കൊണ്ടോട്ടി എം.എൽ.എയായ വി.ടി. ഇബ്രാഹിമിനെയും വ്ലോഗർ വ്യക്തിപരമായി അധിക്ഷേപിക്കുന്നുണ്ട്. "ലക്ഷങ്ങൾ വിലയുള്ള കാറിന് പരിക്ക് പറ്റിയാൽ ആര് നന്നാക്കി തരുമെന്നും പറഞ്ഞ കല്യാണത്തിനും പറയാത്ത കല്യാണത്തിനും പല്ലിൽ കുത്തി ഫോട്ടോ ഇടുന്ന എം.എൽ.എ റോഡ് നന്നാക്കി തരുമോ?" എന്നും ഇയാൾ ചോദിക്കുന്നു. "അല്ലെങ്കിൽ അന്തവും കുന്തവും ഇല്ലാത്ത, മുടി സ്ട്രൈറ്റ് ചെയ്ത് ചീറി പാഞ്ഞ് നടക്കുന്ന ചെയർപേഴ്‌സൺ നന്നാക്കി തരുമോ?" എന്നും വ്ലോഗർ ചോദിക്കുന്നുണ്ട്. ഈ കാര്യങ്ങൾ പറയാൻ താൻ ആരാണെന്ന് നിങ്ങൾ ചിന്തിക്കുന്നുണ്ടാകുമെന്നും, ലീഗ്കാർ തന്നെയാണ് തന്നെക്കൊണ്ട് വീഡിയോ എടുപ്പിച്ചതെന്നും ജുനൈസ് വീഡിയോയുടെ അവസാനത്തിൽ വെളിപ്പെടുത്തുന്നുണ്ട്.

ചെയർപേഴ്‌സൺ നിത ഷഹീറിന്റെ പ്രതികരണം:

വ്ലോഗറുടെ വിമർശനങ്ങൾക്ക് പിന്നാലെ ചെയർപേഴ്‌സൺ നിത ഷഹീർ ശക്തമായ പ്രതികരണവുമായി രംഗത്തെത്തി. "എല്ലാവർക്കും വിമർശിക്കാനുള്ള അധികാരമുണ്ട്, എന്നാൽ നഗരസഭ എന്ത് ചെയ്തു, എം.എൽ.എ എന്ത് ചെയ്തു എന്നീ കാര്യങ്ങൾ മനസിലാക്കിയതിന് ശേഷം വേണം അത് ചെയ്യാൻ" എന്ന് നിത ഷഹീർ ചൂണ്ടിക്കാട്ടി.

നഗരസഭയുടെ പരിധിയിൽ ഇല്ലാത്ത സ്ഥലത്ത് പോലും ക്വാറി വേസ്റ്റ് തട്ടുകയും ഡ്രൈനേജ് ഓപ്പൺ ചെയ്യാനുള്ള സൗകര്യങ്ങൾ ചെയ്തുകൊടുത്തതായും ചെയർപേഴ്‌സൺ വ്യക്തമാക്കി. എൻ.എച്ച്.എ.ഐ (നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ)യുടെ കീഴിൽ ഉള്ളതായിട്ടും, വ്ലോഗർ വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് തലേദിവസം താൻ സൈറ്റിൽ നേരിട്ട് പോയി ഈ വിഷയത്തിൽ ഇടപെട്ടതാണെന്നും, ഈ കാര്യങ്ങൾ അറിയാതെയാണ് വ്ലോഗർ പ്രതികരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.

നാഷണൽ ഹൈവേ, സ്റ്റേറ്റ് ഹൈവേ എന്നിവ ആരുടെ കീഴിൽ ആണെന്നും മുനിസിപ്പാലിറ്റിയുടെ കടമകൾ എന്താണെന്നും അറിയാത്തതാണ് ഇത്തരമൊരു പ്രതികരണത്തിന് കാരണമെന്ന് നിത ഷഹീർ പറഞ്ഞു. "വ്യക്തിഹത്യ നടത്തുന്നത് ഒരു തരത്തിലും ശരിയായ നടപടിയല്ല. ഇൻസ്റ്റാഗ്രാം പേജിൽ ഫോളോവേഴ്‌സ് കൂടാൻ നിറം, ജാതി എന്നിവയുടെ പേരിൽ ഒരാളെ അധിക്ഷേപിക്കുന്നത് ശരിയല്ല," എന്ന് പറഞ്ഞാണ് ചെയർപേഴ്‌സൺ തന്റെ പ്രതികരണം അവസാനിപ്പിച്ചത്.


Post a Comment

0 Comments