Ticker

6/recent/ticker-posts

Header Ads Widget


വിമാനാപകടം: വിജയ് രൂപാണിയുടെ ജീവിതത്തിലെ 'ഭാഗ്യസംഖ്യ'യും ദുരന്തവും 1206


ഗാന്ധിനഗർ: ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും തങ്ങളുടെ ഭാഗ്യനമ്പറിന്റെ സാന്നിധ്യം ഉറപ്പാക്കാൻ ശ്രമിക്കുന്ന നിരവധി ആളുകളുണ്ട്. പേരിലും വാഹനങ്ങളിലും തുടങ്ങി, മറ്റുള്ളവർക്ക് നിസ്സാരമെന്ന് തോന്നുന്ന കാര്യങ്ങളിൽ പോലും സംഖ്യകളുടെ മാന്ത്രിക ശക്തിയിൽ വിശ്വസിക്കുന്നവർ. അഹമ്മദാബാദ് വിമാനാപകടത്തിൽ കൊല്ലപ്പെട്ട ഗുജറാത്ത് മുൻമുഖ്യമന്ത്രി വിജയ് രൂപാണിയുടെ ജീവിതത്തിൽ 1206 എന്ന സംഖ്യക്ക് വളരെ പ്രാധാന്യമുണ്ടായിരുന്നു.

വിജയ് രൂപാണി തന്റെ ഭാഗ്യസംഖ്യയായി വിശ്വസിച്ചിരുന്നത് 1206 ആണെന്ന് അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കൾ പറയുന്നു. അദ്ദേഹത്തിന്റെ സ്കൂട്ടറുകളുടെയും കാറുകളുടെയും രജിസ്ട്രേഷൻ നമ്പർ എല്ലാം 1206 ആയിരുന്നു. ആ നമ്പറിൽ വിജയ് രൂപാണിക്ക് അത്രയധികം വിശ്വാസമുണ്ടായിരുന്നു. അത് അദ്ദേഹത്തിന് ആത്മവിശ്വാസം പകർന്നിരുന്നുവെന്ന് വേണം കരുതാൻ. എന്നാൽ, അതേ അക്കങ്ങൾ ചാർത്തപ്പെട്ട ദിവസം വിജയ് രൂപാണിയുടെ ജീവിതത്തിലെ അവസാന ദിവസമായത് നിർഭാഗ്യകരമായി. അവസാന യാത്രയിൽ അദ്ദേഹം ഇരുന്ന സീറ്റ് നമ്പർ പന്ത്രണ്ടായിരുന്നു എന്നത് യാദൃച്ഛികം.

അഹമ്മദാബാദിൽ നിന്ന് പറന്നുയർന്ന് നിമിഷങ്ങൾക്കുള്ളിലാണ് ലണ്ടനിലേക്കുള്ള വിമാനം തകർന്നുവീണ് കത്തിയത്. ഭാര്യയേയും മകളെയും കാണാനുള്ള യാത്രയിലായിരുന്നു വിജയ് രൂപാണി. ലുധിയാന വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പ് പ്രമാണിച്ച് ജൂൺ അഞ്ചിൽനിന്ന് തന്റെ യാത്ര അദ്ദേഹം ജൂൺ 12-ലേക്ക് മാറ്റിയതാണെന്ന് പഞ്ചാബ് ബി.ജെ.പി അധ്യക്ഷൻ സുനിൽ ജാക്കർ പറഞ്ഞു. ജൂൺ അഞ്ചിന് ഭാര്യയ്ക്കൊപ്പം ലണ്ടനിലേക്ക് പോകേണ്ടിയിരുന്ന വിജയ് രൂപാണി, താൻ 12-ന് എത്തുമെന്ന് പറഞ്ഞാണ് ഭാര്യയെ യാത്രയാക്കിയത്. തന്റെ ഭർത്താവിനെ ഇനി ജീവനോടെ കാണാനാകില്ലെന്ന് ഭാര്യ അഞ്ജലിയും കരുതിയിട്ടുണ്ടാകില്ല.

വലിയ നേതാവാണെങ്കിലും സാധാരണക്കാർക്കൊപ്പം അവരിലൊരാളായി പെരുമാറുന്ന വ്യക്തിയായിരുന്നു രൂപാണിയെന്ന് അദ്ദേഹവുമായി അടുപ്പമുള്ളവർ പറയുന്നു. ഏതു സമയത്തും എന്താവശ്യത്തിനായും അദ്ദേഹത്തെ സമീപിക്കാമായിരുന്നുവെന്ന് അയൽവാസികൾ ഓർമ്മിക്കുന്നു. 1956 ഓഗസ്റ്റ് രണ്ടിന് മ്യാൻമറിലായിരുന്നു രൂപാണിയുടെ ജനനം. 1960-ൽ മ്യാൻമറിലെ രാഷ്ട്രീയപ്രതിസന്ധികളെ തുടർന്ന് രാജ്കോട്ടിലേക്ക് അദ്ദേഹത്തിന്റെ കുടുംബം കുടിയേറുകയായിരുന്നു.

അപകടങ്ങളുമായി ബന്ധപ്പെട്ട സംഖ്യകളിലാണ് ഒരു കൗതുകം ഒളിഞ്ഞിരിക്കുന്നത്. അപകടം നടന്ന തീയതിയായ 12-06 എന്നതിന്റെ തുക 9 ആണ്. 12-06-2025 എന്നതിന്റെ തുക 18 - ഇതിന്റെ തുകയും 9. അപകടത്തിൽപ്പെട്ട വിമാനത്തിന്റെ നമ്പർ AI 171! ഇതിലെ അക്കങ്ങൾ തമ്മിൽ കൂട്ടിയാലും 9 എന്ന സംഖ്യയിലേക്കാണ് എത്തുന്നത്. 'ഫൈനൽ ഡെസ്റ്റിനേഷൻ' എന്ന സിനിമയിൽ അപകടത്തിൽപ്പെടുന്ന ഫ്ലൈറ്റിന്റെ പേര് 'വോളീ എയർലൈൻസ് ഫ്ലൈറ്റ് 180' എന്നായിരുന്നു. സിനിമയിൽ അപകടത്തിൽപ്പെടുന്നത് ബോയിംഗ് 747 വിമാനമാണ്. അതിലെ അക്കങ്ങളുടെ തുകയും 9.

Post a Comment

0 Comments