Ticker

6/recent/ticker-posts

Header Ads Widget


തെങ്ങിൽ കുടുങ്ങിയ വയോധികനെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി


ചാത്തമംഗലം: ചാത്തമംഗലം നെച്ചൂളിയിൽ തെങ്ങിൽ കയറി ഓല വെട്ടുന്നതിനിടെ കൈയ്ക്ക് മുറിവേറ്റ വയോധികനെ മുക്കം അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി. ഇന്ന് രാവിലെ എട്ട് മണിയോടെയാണ് സംഭവം. ഇട്ടാലപ്പുറത്ത് ഗോകുലൻ നായർ (61) ആണ് അപകടത്തിൽപ്പെട്ടത്.

പടിഞ്ഞാറേവീട്ടിൽ ശ്രീകാന്തിന്റെ വീട്ടിലെ ഏകദേശം അമ്പതടിയോളം ഉയരമുള്ള തെങ്ങിലാണ് ഗോകുലൻ കയറിയത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ കാറ്റിൽ കമ്പി അയഞ്ഞ് അപകടാവസ്ഥയിലായിരുന്ന തെങ്ങ് വലിച്ചുകെട്ടാനാണ് ഗോകുലൻ എത്തിയത്. തെങ്ങിൽ കയറി ഓലകൾ കൊടുവാൾ കൊണ്ട് വെട്ടി മാറ്റുന്നതിനിടെ കൈയ്ക്ക് മുറിവേൽക്കുകയായിരുന്നു. മുറിവേറ്റതിനെ തുടർന്ന് താഴെയിറങ്ങാൻ കഴിയാതെ ഗോകുലൻ തെങ്ങിന് മുകളിൽ കുടുങ്ങിപ്പോയി.

വിവരമറിഞ്ഞയുടൻ മുക്കം അഗ്നിരക്ഷാസേനയെ വിവരം അറിയിച്ചു. അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പയസ് അഗസ്റ്റിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. സേനാംഗം പി.ടി. ശ്രീജേഷ് തെങ്ങിൽ കയറി, ഏകദേശം മുക്കാൽ മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ റെസ്ക്യൂ നെറ്റ് ഉപയോഗിച്ച് ഗോകുലനെ സുരക്ഷിതമായി താഴെയിറക്കി.

പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഗോകുലനെ സമീപത്തെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

0 Comments